ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയെ 17 ഗ്രാമീണരെ പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച വൈകീട്ട് കാഞ്ചീപുരത്ത് ഡി.എം.കെ. വജ്രജൂബിലി സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ജാഥയായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കാഞ്ചീപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിൽനിന്നുള്ള 17 പേരാണ് വിമാനത്താവള നിർമാണത്തിനെതിരേ നിവേദനം നൽകാനെത്തിയത്.
ഡി.എം.കെ. വജ്രജൂബിലി സമ്മേളനത്തിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെത്തുമ്പോൾ നിവേദനം നൽകാനായിരുന്നു പദ്ധതി.
അനുമതി വാങ്ങാതെ സമ്മേളന വേദിയിലേക്ക് പ്രകടനമായെത്തിയവരെ പോലീസ് തടഞ്ഞു. അറസ്റ്റുരേഖപ്പെടുത്തി അടുത്തുള്ള കമ്യൂണിറ്റി ഹാളിലേക്കു മാറ്റി.
വിമാനത്താവള നിർമാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകനാപുരം, പരന്തൂർ ഗ്രാമങ്ങളിലുള്ളവർ 795 ദിവസമായി സമര രംഗത്താണ്.
പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം തുടരും എന്നാണ് അവർ പറയുന്നത്. 13 ഗ്രാമങ്ങളിലായി കിടക്കുന്ന 4,563.56 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
ഇതിൽ 3,246.38 ഏക്കർ പട്ടയഭൂമിയും 1,317.18 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയുമാണ്. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയാണ് കർഷകരുടെ സമരം. നീർത്തടങ്ങൾ നികത്തുന്നതിനെതിരേ പരിസ്ഥിതി സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങിയിട്ടുണ്ട്.
സ്ഥലം ഏറ്റെടുക്കുമ്പോൾ ഒഴിഞ്ഞുപോകേണ്ടിവരുന്ന ആയിരത്തോളം കുടുംബങ്ങളെ കാഞ്ചീപുരം, ശ്രീപെരുംപുദൂർ താലൂക്കുകളിലായി പുനരധിവസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതിനായി 245 ഏക്കർ സ്ഥലംകണ്ടുവെച്ചിട്ടുണ്ട്. മീനമ്പാക്കത്തെ ചെന്നൈ വിമാനത്താവളം യാത്രാത്തിരക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടാമതൊരു വിമാനത്താവളംകൂടി നിർമിക്കുന്നത്.
ചെന്നൈയിൽനിന്ന് 60 കിലോമീറ്റർ പടിഞ്ഞാറ് കാഞ്ചീപുരം ജില്ലയിൽ 32,704 കോടി രൂപ ചെലവിട്ടാണ് പുതിയ വിമാനത്താവളം പണിയുന്നത്.