ചെന്നൈ : ശീതമേഖലകളിൽ കണ്ടുവരുന്ന നായയിനങ്ങളുടെ പ്രജനനം വിലക്കിക്കൊണ്ടും നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് 11 വിദേശയിനങ്ങളുടെ പ്രജനനത്തിന് തമിഴ്‌നാട്ടിൽ വിലക്കുണ്ട്.
വിദേശരാജ്യങ്ങളിലെ കാലാവസ്ഥയിൽ വളരേണ്ട നായകളെ കൃത്രിമപ്രജനനമാർഗങ്ങളിലൂടെ വളർത്തിയെടുക്കുന്നത് തടയണമെന്ന ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ പ്രജനനനയം ആവിഷ്‌കരിച്ചിരിക്കുന്നത്.
പഗ്, ചൗ ചൗ, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്‌കൻ മാലമ്യൂട്ട്, സൈബീരിയൻ ഹസ്‌കി, നോർവീജിയൻ എൽക്ഹൗണ്ട്, ടിബറ്റൻ മാസ്റ്റഫ്, സെയിന്റ് ബർണാഡ് തുടങ്ങിയ ഇനങ്ങളുടെ പ്രജനനവും വിൽപ്പനയുമാണ് വിലക്കിയിരിക്കുന്നത്.
രാജപാളയം, കൊമ്പൈ, ചിപ്പിപ്പാറൈ തുടങ്ങിയ നാടൻ ഇനങ്ങളുടെ പ്രജനനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ നാടൻനായകൾ മികച്ച വേട്ടക്കാരാണെന്നും ഓടിനടക്കാൻ കഴിയുന്ന ചുറ്റുപാടിലാണ് അവയെ വളർത്തേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.
സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ അവയെ വളർത്തുന്നത് ഒഴിവാക്കണം. നാടൻ ഇനങ്ങളുടെ വംശനാശം തടയുന്നതിനും പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയനയം പ്രാബല്യത്തിൽവരുന്നതോടെ നായകളെ പ്രജനനം നടത്തുന്നവർ ഏതൊക്കെ ഇനങ്ങളെയാണ് ഉപയോഗിക്കുന്നത് എന്നകാര്യം തമിഴ്‌നാട് മൃഗക്ഷേമ ബോർഡിൽ രജിസ്റ്റർചെയ്യണം.