ചെന്നൈ : എം.ടി.സി. ബസിനും മെട്രോ തീവണ്ടിക്കും ഒരേടിക്കറ്റ് നടപ്പിലാക്കാനായി മൊബൈൽ ആപ്പ് തയ്യാറാകുന്നു. അടുത്ത ജനുവരിയോടെ മൊബൈൽ ആപ്പ് തയ്യാറാക്കാനായി സ്വകാര്യ കമ്പനിയ്ക്ക് ടെൻഡർ നൽകിയിട്ടുണ്ട്.
ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സി.യു.എം.ടി.എ.) മെട്രോ തീവണ്ടിയ്ക്കും എം.ടി.സി. ബസിനും ഒരേ ആപ്പ് തയ്യാറാക്കാനായി ആറ് മാസം മുൻപ് തീരുമാനമെടുത്തിരുന്നു. എം.ടി.സി.-മെട്രോ അധികൃതരുമായും ചർച്ചകളും നടത്തിയിരുന്നു.
വീട്ടിൽനിന്ന് ബസ് വഴി മെട്രോ സ്റ്റേഷനിലേക്കും മെട്രോസ്റ്റേഷനിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള ബസിന്റെ സമയക്രമവും ആപ്പ് വഴി അറിയാൻ കഴിയും.
നന്ദനത്തിൽനിന്ന് മെട്രോ തീവണ്ടി വഴി സെക്രട്ടറിയേറ്റിലേക്ക് ഏത് സ്റ്റേഷനിൽ ഇറങ്ങിയാലും ബസിന്റെ സമയക്രമം അറിയാൻ കഴിയുമെന്നും സി.യു.എം.ടി.എ. ഉദ്യോഗസ്ഥർ അറിയിച്ചു.
നന്ദനത്തിൽനിന്ന് സെക്രട്ടറിയേറ്റിലേക്ക് പോകാൻ ഗവ. എസ്റ്റേറ്റ് സ്റ്റേഷനിൽ ഇറങ്ങിയാൽ ബസ് വഴി എളുപ്പം എത്താൻ കഴിയുമെന്ന് സി.യു.എം.ടി.എ. അധികൃതർ അറിയിച്ചു. ഡിസംബർ അവസാനത്തോടെ ആപ്പ് തയ്യാറാകും.
അപ്പോഴേയ്ക്കും ബസിന്റെ സമയക്രമം സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.യു.എം.ടി.എ.അധികൃതർ അറിയിച്ചു.
സബർബൻ തീവണ്ടി, എം.ആർ.ടി.എസ്. തീവണ്ടി സർവീസ് എന്നിവയുടെ ടിക്കറ്റും മൊബൈൽ ആപ്പ് വഴി എടുക്കാവുന്ന സംവിധാനം ഏർപ്പെടുത്താനായി നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
മാതൃഭൂമി.കോം വാട്സാപ്പിലും