ബെംഗളൂരു : കുസെ മുനിസ്വാമി വീരപ്പൻ എന്ന ചുരുക്കപ്പേരിൽ വീരപ്പൻ എന്നറിയപ്പെടുന്ന കാട്ടുകള്ളൻ 90 കളിൽ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധനായിരുന്നു.
ആനകളെ കൊന്ന് തള്ളി കൊമ്പെടുത്തും കാട്ടിലെ ചന്ദനം വെട്ടിവിറ്റും ഒരു മദയാനയായി കർണാടക- തമിഴ്നാട് അതിർത്തിയിലെ കാടുകളിൽ വിലസുകയായിരുന്നു വീരപ്പൻ .
അവസാനം കന്നഡ സൂപ്പർ സ്റ്റാർ അണ്ണാവരു ഡോ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോകുന്നത് വരെയെത്തി വീരവിലാസങ്ങൾ.
2004 ൽ ധർമ്മപുരിക്ക് അടുത്ത് പപ്പരാംപട്ടിയിൽ പോലീസിൻ്റെ കെണിയിൽ വീണ് മരണപ്പെടുന്നതുവരെ തുടർന്നു വീരപ്പൻ്റെ ക്രൂരകൃത്യങ്ങൾ.
തൻ്റെ 52 മത്തെ വയസിൽ കൊല്ലപ്പെടുമ്പോൾ 180 ൽ ആളുകളെ വധിച്ചിരുന്നു വീരപ്പൻ!
വീരപ്പൻ വിഹരിച്ച സത്യമംഗലം കാടുകളിലൂടെ 22 കിലോമീറ്റർ സഫാരി ആരംഭിച്ചിരിക്കുകയാണ് കർണാടക വനം വകുപ്പ്.
കർണാടക – തമിഴ്നാട് അതിർത്തിയായ കാവേരി വന്യജീവി സങ്കേതത്തിലൂടെയുള്ള ഈ യാത്ര ഹൊഗനേക്കൽ വെള്ളച്ചാട്ടത്തിനരികെ അവസാനിക്കും.
വീരപ്പൻ്റെ ജൻമഗ്രാമമായ കൊല്ലേഗൽ ഗോപിനാഥത്തിൽ നിന്നാണ് സഫാരി ആരംഭിക്കുന്നത്. ഇവിടെ താമസത്തിനായി ടെൻ്റുകളും ഒരുക്കിയിട്ടുണ്ട്.
25 പേർക്ക് ഇരിക്കാവുന്ന ബസുകളിലായി രാവിലെയും വൈകീട്ടും ഓരോ യാത്രകൾ ആണ് ഒരുക്കിയിരിക്കുന്നത്.
വീരപ്പൻ്റെ പഴയ അനുയായികളിൽ പലരും ഇപ്പോൾ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരാണ്.