ബെംഗളൂരു: ബെംഗളൂരു കമ്പള മത്സരം നവംബറിൽ നടക്കുമെന്ന് കമ്പള സമിതി പ്രസിഡന്റ് അശോക് കുമാർ റായ് അറിയിച്ചു. ബെംഗളൂരു കമ്പള സമിതിയും ദക്ഷിണ കന്നഡ ജില്ലാ കമ്പള സമിതിയും ചേർന്ന് സംയുക്തമായാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.
നവംബർ 25, 26 തീയതികളിൽ പാലസ് ഗ്രൗണ്ടിലാണ് മത്സരം. 125 ജോഡി കമ്പള പോത്തുകളും ഉടമകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് റായ് പറഞ്ഞു. മംഗളുരുവിൽ വൻ ഘോഷയാത്ര നടത്തിയ ശേഷമാണ് ഉടമകളും പോത്തുകളും ബെംഗളൂരുവിലേക്ക് പുറപ്പെടുക.
ഇതിനകം, 150 പേർക്ക് കമ്പള മത്സരാർഥികൾക്ക് താമസിക്കാനുള്ള സൗകര്യം ബെംഗളൂരുവിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സിനിമാ മേഖലയിലെ പ്രമുഖർ ബെംഗളൂരു കമ്പളയ്ക്ക് സാക്ഷ്യം വഹിക്കും. തുളുനാട് ഭക്ഷണത്തിന്റെ പ്രദർശനവും വിൽപ്പനയും വേദിയിൽ ലഭ്യമാക്കും.
ലോറികളിലാകും പോത്തുകളെ എത്തിക്കുക. മൃഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി ദക്ഷിണ കന്നഡയിൽ നിന്നും ഉഡുപ്പിയിൽ നിന്നും മാത്രമായി ഭക്ഷണവും വെള്ളവും കൊണ്ടുവരാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
2000 വിവിഐപി ഇരിപ്പിടങ്ങളും 10,000 കാഴ്ചക്കാർക്കുള്ള ഗാലറിയും ഒരുക്കും. പാർക്കിംഗ് സൗകര്യം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വേദിയിൽ ഒരുക്കുമെന്നും റായ് പറഞ്ഞു. ബെംഗളൂരുവിൽ തുളുഭവനം നിർമിക്കാനും മംഗളൂരുവിലെ പിലിക്കുളയിൽ കമ്പളഭവൻ അനുവദിക്കാനും സമിതി സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.