ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ഹീലിയം ബലൂൺ വൈദ്യുത കമ്പിയിൽ തട്ടി പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി കടുഗോഡിയിലെ ബേലത്തൂരിലാണ് സംഭവം.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരനായ വിജയ് ആദിത്യ കുമാർ (44), അദ്ദേഹത്തിന്റെ രണ്ട് മക്കളും ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ധ്യാൻചന്ദ് (7), സോഹില (3), ഇഷാൻ ലോകേഷ് (2), മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ സഞ്ജയ് ശിവകുമാർ (8) എന്നിവർക്കാണ് പരിക്കേറ്റത്.
വിജയ് കുമാറിന്റെ കെആർ പുരത്തെ ബെലത്തൂരിലെ വസതിയിൽ രാത്രി 9.30ന് മകളുടെ ജന്മദിനം ആഘോഷിക്കാൻ കുട്ടികൾ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
പിറന്നാളുകാരിയായ പെൺകുട്ടി പാൽ കുടിക്കാൻ പോയപ്പോൾ തൊട്ടുപിന്നാലെ കുട്ടികൾ കയ്യിൽ ഗ്യാസ് നിറച്ച ബലൂണുകളുമായി ടെറസിൽ നിന്ന് ഇറങ്ങുകയായിരുന്നു.
ഇവരിലൊരാളുടെ കൈയ്യ്യിലിരുന്ന ബലൂൺ വീടിന് സമീപമുള്ള ലൈവ് ഇലക്ട്രിക് വയറുമായി സമ്പർക്കം പുലർത്തിയപ്പോൾ അത് പൊട്ടിത്തെറിക്കുകയും തുടർന്ന് തീപിടിത്തം ഉണ്ടാവുകയും ചെയ്തു.
അയൽക്കാർ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്ന് അവരെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി, നിലവിൽ എല്ലാവരും അവിടെ പൊള്ളലേറ്റ വാർഡിൽ ചികിത്സയിലാണ്.
എല്ലാവരും അപകടനില തരണം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. അതെസമയം സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഡിസിപി (വൈറ്റ്ഫീൽഡ്) സഞ്ജീവ് എം പാട്ടീൽ പറഞ്ഞു.