ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പോലീസ് പിടിയിൽ.
പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ വച്ചായിരുന്നു സംഭവം. വടക്കൻ കേരളത്തിൽ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം സ്വദേശി അമിൻ ഷെരീഫ്, കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക്, പാലക്കാട് സ്വദേശി ജബൽ ഷാ, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ബുള്ളറ്റ് ഇൻസർട്ട് ചെയ്തതായി കാണിച്ച് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ യാത്രക്കാരിൽ ഒരാൾ റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കൊച്ച് വളഞ്ഞ് യുവാക്കളെ കസ്റ്റഡിയിൽ എത്തിച്ചു.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് നിന്ന് മധുരയിലെത്തിയ ഇവർ അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്ന് പോലീസിനോട് പറഞ്ഞു.