വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥയുമായി യുവതി.
അക്വാജെനിക് ഉർട്ടികേറിയ എന്ന അത്യപൂർവമായ രോഗാവസ്ഥ മൂലം ദുരിതജീവിതം നയിക്കുകയാണ് ടെസ്സ ഹാൻസെൻ എന്ന അമേരിക്കൻ യുവതി.
എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും വഷളാവുകയാണെന്ന് ടെസ്സ പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്സ അപൂർവരോഗത്തോട് മല്ലിടുന്ന കഥ പങ്കുവെച്ചിരിക്കുന്നത്.
കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളേയും പോലെ ധാരാളം വെള്ളംകുടിക്കുകയും വെള്ളത്തിൽ കളിക്കുകയുമൊക്കെ ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സയും. എന്നാൽ വൈകാതെ രോഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു.
കുളിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടായിരുന്നു തുടക്കം.
കുളികഴിഞ്ഞു വരുമ്പോഴേക്കും ശരീരമാകെ ചുവന്നുതടിച്ചിരിക്കും എന്നാണ് ടെസ്സ പറയുന്നത്.
തുടക്കത്തിൽ ഷാംപൂവിന്റെയോ, കണ്ടീഷണറിന്റെയോ അലർജിയായിരിക്കും എന്നാണ് ടെസ്സയുടെ മാതാപിതാക്കൾ കരുതിയിരുന്നത്.
സോപ്പും ഇത്തരം വസ്തുക്കളും ഒഴിവാക്കുകയും ചെയ്തു.
പക്ഷേ വൈകാതെ അതല്ല പ്രശ്നമെന്നും വെള്ളമാണെന്നും തിരിച്ചറിയുകയായിരുന്നു.
ഡോക്ടർ കൂടിയായ ടെസ്സയുടെ അമ്മ കാരെൻ ഹാൻസെൻ സ്മിത്തിനും ഈയവസ്ഥയേക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല.
മകൾക്ക് അവൾ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ കഴിയാത്തതു കാണുമ്പോൾ ഹൃദയംനുറുങ്ങുകയാണെന്ന് കാരെൻ പറയുന്നു.
നിലവിൽ ബിരുദം പൂർത്തിയാക്കിയ ടെസ്സ അധികസമയവും പുറത്തിറങ്ങാതെയാണ് കഴിയുന്നത്.
ആഗോളതലത്തിൽ തന്നെ ഇരുന്നൂറ്റിയമ്പതോളം പേർക്കുമാത്രമാണ് അക്വാജെനിക് ഉർട്ടേറിയ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്താണ് അക്വാജെനിക് യുർട്ടികേറിയ അറിയാം
അത്യപൂർവമായ വാട്ടർ അലർജിയാണ് അക്വാജെനിക് യുർട്ടികേറിയ.
വെള്ളവുമായി ബന്ധപ്പെടുമ്പോൾ ശരീരത്തിൽ പാടുകളും തടിപ്പുകളും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്.
നീര്, ചൊറിച്ചിൽ, പുകച്ചിൽ തുടങ്ങിയവയും അനുഭവപ്പെടാം. നെഞ്ച്, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പാടുകൾ കൂടുതൽ പ്രത്യക്ഷപ്പെടുക. ചിലരിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടാം.
എന്താണ് ഇതിനുപിന്നിലെ യഥാർഥകാരണം എന്നതുസംബന്ധിച്ച് ഗവേഷകർ ഇപ്പോഴും പഠനം നടത്തിവരികയാണ്.
അലർജിക് റിയാക്ഷൻ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ചർമം ഹിസ്റ്റമിൻ എന്ന കെമിക്കൽ പുറപ്പെടുവിക്കുകയും ഇതാണ് ലക്ഷണങ്ങൾ ഉണ്ടാക്കുന്നത് എന്നുമാണ് കരുതുന്നത്.
എന്തുകൊണ്ടാണ് വെള്ളവുമായി ബന്ധപ്പെടുന്നതുവഴി ഹിസ്റ്റമിൻ പുറപ്പെടുവിക്കുന്നത് എന്നതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടില്ല.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തടിപ്പും വീക്കവും ചൊറിച്ചിലും അനുഭവപ്പെടാം.
ശേഷം ശരീരത്തിലെ വെള്ളം നീങ്ങിത്തുടങ്ങുന്നതോടെ മുപ്പതു മിനിറ്റുമുതൽ രണ്ടുമണിക്കൂറോളം സമയമെടുത്തിനുള്ളിൽ ലക്ഷണങ്ങൾ അപ്രത്യക്ഷമാകാം.
ചിലരിൽ വെള്ളംകുടിക്കുന്നതുപോലും പ്രശ്നമുണ്ടാക്കാം. അത്തരക്കാരിൽ ചുണ്ടും വായയും തടിക്കുകയും ചെയ്യാം.
സ്ഥിതി കൂടുതൽ വഷളാകുന്ന സാഹചര്യങ്ങളിൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടും ശ്വാസതടസ്സവും വലിവും നേരിടാം. തലചുറ്റിവീഴുക, ഉയർന്ന ഹൃദയമിടിപ്പ്, ഉത്കണ്ഠ, ബോധം നഷ്ടപ്പെടുക, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ എടുക്കേണ്ടവയാണ്.
ഈ രോഗത്തിനു പര്യാപ്തമായ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചികിത്സയാണ് നിലവിൽ നൽകിവരുന്നത്.