കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് IVF ചികിത്സക്കായി പരോള്‍ അനുവദിക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന പ്രതിക്കാണ് ഐവിഎഫ് ചികിത്സയ്ക്കായി പരോൾ അനുവദിച്ചത്.
ജയിൽ ഡിജിപിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.
പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ് നടപടിക്രമത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിനുള്ള ചികിത്സാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞ ഏഴ് വർഷമായി തടവിൽ കഴിയുന്ന ഭർത്താവിന് പരോൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിയുടെ ഭാര്യ കോടതിയെ സമീപിച്ചത്.
ഒരു കുട്ടിയുണ്ടാകുകയെന്നത് സ്വപ്നമായിരുന്നെന്നും പല മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹർജിക്കാരിയുടെ വാദം.
ഭർത്താവിന് ജയിലിൽ നിന്ന് സാധാരണ അവധി ലഭിച്ചതോടെയാണ് ഇവർ അലോപ്പതി ചികിത്സ ആരംഭിച്ചത്.
മൂന്ന് മാസത്തേക്ക് യുവതിക്ക് ഭർത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ദമ്പതികൾ ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്നുള്ള കത്തും പരാതിക്കാരി ഹാജരാക്കി.
അതുകൊണ്ടുതന്നെ പരാതിക്കാരുടെ ആവശ്യം ന്യായമാണെങ്കിൽ സാങ്കേതികത ചൂണ്ടിക്കാട്ടി കണ്ണടയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണൻ്റെതാണ് ഉത്തരവ്.