ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച് യുവാവ്. ഉത്തര്‍പ്രദേശിൽ സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
മദ്യലഹരിയിലാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൗത്ത് ഡല്‍ഹി സ്വദേശി റിതേഷിനെ പോലീസ് പിടികൂടി.
ട്രെയിനിലെ ബി-3 കോച്ചിലെ 57, 60 എന്നീ ബെര്‍ത്തുകളില്‍ ഉറങ്ങുകയായിരുന്നു ദമ്പതിമാർ.
ഇതിനിടയിലാണ് യുവാവ് എഴുന്നേറ്റ് ദമ്പതിമാരുടെയും അവരുടെ ലഗേജുകള്‍ക്കും മേല്‍ മൂത്രമൊഴിച്ചത്.
മഹോബ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. 63-ാം നമ്പര്‍ ബെര്‍ത്തിലായിരുന്നു പ്രതി യാത്രചെയ്തിരുന്നത്.
‘ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. മദ്യലഹരിയിലായിരുന്നു യുവാവ്. സംഭവത്തിന് പിന്നാലെ സഹയാത്രികര്‍ വിവരം ടി.ടി.ഇ.യെ അറിയിച്ചു.
ഇത്തരത്തില്‍ ഒരു സംഭവമുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
പിന്നാലെ, പ്രതി ഝാന്‍സി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി’, ദമ്പതിമാരില്‍ ഒരാൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.