ബെംഗളൂരു : ഫാക്ടറിയിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച ഫാക്ടറി ജീവനക്കാരനും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ.
മണ്ഡ്യ സ്വദേശിയായ നൂറുള്ള ഖാനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ ഫാക്ടറി ഉടമയായ മുഹമ്മദ് ആസിഫ് ഹബീബിന്റെ പരാതിയിലാണ് അറസ്റ്റ്.
നൂറുള്ള ഖാൻ വർഷങ്ങളായി ഹബീബിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ്.
വ്യാഴാഴ്ച നൂറുള്ള ഖാൻ ഹബീബിനെ വിളിച്ച് തന്നെ ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേ പ്രകാരം ഹബീബ് ആർ.ടി. നഗർ പോലീസിൽ പരാതി നൽകി.
നൂറുള്ള ഖാനെ രക്ഷപ്പെടുത്താൻ പണം കൊടുക്കാൻ തയ്യാറാണെന്നും അറിയിച്ചു.
പിന്നീട് നൂറുള്ള ഖാൻ വീണ്ടും വിളിച്ച് ഹബീബിനോട് രണ്ടുലക്ഷം രൂപ തന്റെ അക്കൗണ്ടിലിടാൻ ആവശ്യപ്പെട്ടു.
ഇതോടെ സംശയംതോന്നി പോലീസ് നൂറുള്ള ഖാന്റെ മൊബൈൽഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു.
പണംതട്ടാനാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് തട്ടിപ്പ് നാടകം കളിച്ചതെന്ന് നൂറുള്ള ഖാൻ പോലീസിനോട് പറഞ്ഞു.