ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ടേഷൻ കോർപ്പറേഷന്റെ (കെഎസ്ആർടിസി) 140 പുതിയ ബസുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാന സൗധയിലെ വലിയ പടിക്കലിൽ നിന്നും ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിനകത്തും പുറത്തും സർവീസ് നടത്തുന്ന 40 നോൺ എസി സ്ലീപ്പർ ‘പല്ലക്കി’ ബസുകളും ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ‘ശക്തി’ പദ്ധതി ആരംഭിച്ചത് മുതൽ കൂടുതൽ ബസുകൾ വേണമെന്ന ആവശ്യം വർധിച്ചുവരികയാണ്.
സർക്കാർ ബസുകളിലെ തിരക്ക് കുറയ്ക്കാൻ നൂറുകണക്കിന് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി 100 പുതിയ കെഎസ്ആർടിസി ബസുകളും 40 പുതിയ നോൺ എസി സ്ലീപ്പർ ബസുകളും ‘പല്ലക്കി’ എന്ന് നാമകരണം ചെയ്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ‘പല്ലക്കി’ ബസുകളിൽ ‘ശക്തി’ പദ്ധതി ബാധകമല്ല.
ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പുതുതായി രൂപകല്പന ചെയ്ത പല്ലക്കി ബസുകൾ ഇന്ന് സർവീസ് ആരംഭിക്കും . 40 ബസുകളിൽ 30 എണ്ണം സംസ്ഥാനത്തിനകത്തും 10 എണ്ണം അന്തർസംസ്ഥാന യാത്രകൾക്കും ഉപയോഗിക്കും.
‘പല്ലക്കി’ ബസുകളുടെ പ്രത്യേകതകൾ
1 11.3 മീറ്റർ നീളമുള്ള നോൺ എസി ബസാണ് ഇത്
2 ബസിൽ 30 സ്ലീപ്പർ ബർത്തുകളാണുള്ളത്
3 ഓരോ സീറ്റിനും മൊബൈൽ ലാപ്ടോപ്പ് ചാർജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്
4 യാത്രക്കാരുടെ സൗകര്യാർത്ഥം ഓരോ സീറ്റിലും 4 എൽഇഡി ലൈറ്റുകൾ
5 ബസ് സ്റ്റോപ്പുകളെ കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനുള്ള ഓഡിയോ സിസ്റ്റം
6 യാത്രക്കാരുടെ പാദരക്ഷകൾ സൂക്ഷിക്കാൻ ഒരു പ്രത്യേക സ്ഥലം
7 ഡ്രൈവറെ സഹായിക്കാൻ ബസിന് പിന്നിൽ ഒരു ഹൈടെക് ക്യാമറ
8 ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ബസിന്റെ പേര് നിർദ്ദേശിച്ചത്.
കെഎസ്ആർടിസി നിരവധി നോൺ എസി സ്ലീപ്പർ ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും കോർപ്പറേഷൻ ഇതിന് പേര് നൽകുന്നത് ഇതാദ്യമാണ്.