ചെന്നൈ: തമിഴ്നാട്ടിലെ സേലത്തെ കോട്ടായി പ്രദേശത്തുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു.
സ്കൂളിൽ കുടിക്കാൻ ഉപയോഗിക്കുന്ന വാട്ടർ ടാങ്കിൽ പുഴുവരിച്ചെന്ന പരാതിയിൽ വിദ്യാർഥികളെ ശിക്ഷിച്ചതിന് പിന്നാലെയാണ് നടപടി.
കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കുന്നില്ലെന്നും ശൗചാലയങ്ങൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഇത് സംബന്ധിച്ച് സ്കൂൾ ഹെഡ് മിസ്ട്രസ് തമിഴ് വാണിയോട് പരാതിപ്പെട്ടപ്പോൾ പ്രശ്നം പരിഹരിക്കുന്നതിന് പകരം തങ്ങളെ തറയിൽ മുട്ടുകുത്തിച്ച് ശിക്ഷിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
ഇതേത്തുടർന്ന് 200ലധികം വിദ്യാർഥികൾ സ്കൂൾ കാമ്പസിൽ എച്ച്എമ്മിനെതിരെ പ്രതിഷേധിച്ചു.
സ്കൂളിലെ പ്രശ്നങ്ങളെക്കുറിച്ച് എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ പ്രഥമാധ്യാപികയുടെ ഭർത്താവ് സ്കൂളിലെത്തി ഭീഷണിപ്പെടുത്തുമെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.
ഗേൾസ് സ്കൂളിൽ പ്രധാനാധ്യാപികയുടെ ഭർത്താവ് എന്താണ് ചെയ്യുന്നത് എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധത്തിനിടെ വിദ്യാർഥികൾ ഉയർത്തി.
ഇതറിഞ്ഞ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി ചർച്ച നടത്തി.
എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
ഇതേത്തുടർന്ന് പ്രധാനാധ്യാപകൻ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് സംസാരിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തു.