ബെംഗളൂരു: മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിലും ട്രെയിനിനുള്ളിലും സ്ത്രീകളോട് പ്രാങ്ക് ചെയ്യുന്ന വീഡിയോകൾ എടുത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത 23 കാരനായ ബെംഗളൂരുയുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
പ്രജ്വൽ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാം റീൽസ് ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തത്. ‘പ്രാങ്കർ’ പ്രജു എന്നായിരുന്നു അക്കൗണ്ട്. 2023 ജൂലൈയിലാണ് വീഡിയോകൾ റെക്കോർഡ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പുകളിലൊന്നിൽ, യുവാവ് എസ്കലേറ്റർ ഉപയോഗിക്കുമ്പോൾ അപസ്മാരം വന്നതായി അഭിനയിക്കുന്നത് കാണാം.
ഇത് കണ്ട് ഭയന്ന പ്രായമായ ഒരു സ്ത്രീ പരിഭ്രാന്തയാകുന്നതും മറ്റൊരു സ്ത്രീ പ്രജ്വലിനെ ആശ്വസിപ്പിക്കുന്നതും കാണാം.
ഇതിന് പുറമെ മറ്റൊരു വീഡിയോയിൽ, മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് ഇതേ തമാശ കളിക്കുന്നത് കാണാം.
ബിഎംആർസിഎല്ലിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറാണ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
“മെട്രോ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾക്കും മര്യാദകൾക്കും വിരുദ്ധമാണ് യുവാവിന്റെ പ്രവൃത്തി അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.
ചലിക്കുന്ന എസ്കലേറ്ററിൽ വെച്ച് ഇയാൾ തമാശ കളിച്ചപ്പോൾ ഒരു വൃദ്ധ പരിഭ്രാന്തയായി.
മെട്രോ കോച്ചിനുള്ളിൽ പോലും ഇയാളുടെ പ്രവൃത്തി കണ്ട് യാത്രക്കാർ പരിഭ്രാന്തരായിയെന്നും പരാതിയിൽ പറയുന്നു.
അതിനിടെ, മെട്രോ സ്റ്റേഷനിൽ ശല്യമുണ്ടാക്കിയതിന് യുവാവിന് ബിഎംആർസിഎൽ 500 രൂപ പിഴ ചുമത്തി.
വ്യാഴാഴ്ച മെട്രോ ഉദ്യോഗസ്ഥർ പ്രജ്വലിനെ ഗോവിന്ദരാജ് നഗർ സ്റ്റേഷനിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് പ്രജ്വല് ഉറപ്പ് നൽകി.