ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ ചല്ലഘട്ട- കെങ്കേരി, ബൈയപ്പനഹള്ളി- കെ.ആർ. പുരം ഭാഗത്ത് സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധന.
പർപ്പിൾ ലൈനിലെ എല്ലാ റൂട്ടിലും സർവീസ് ആരംഭിച്ചതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്.
ബൈയപ്പനഹള്ളി -വൈറ്റ്ഫീൽഡ് റൂട്ടിൽ തിങ്കളാഴ്ച 61,179 പേർ യാത്രചെയ്തു. ബൈയപ്പനഹള്ളിക്കും കെ.ആർ. പുരത്തിനുമിടയിലുള്ള 2.2 കിലോമീറ്റർ പാത തിങ്കളാഴ്ച തുറക്കുന്നതിനുമുമ്പുവരെ യാത്രക്കാർ ബൈയപ്പനഹള്ളിയിൽ ഇറങ്ങി ഫീഡർ ബസിൽ കെ.ആർ. പുരത്തെത്തിയാണ് വൈറ്റ്ഫീൽഡിലേക്ക് പോയിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മാത്രം പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലുമായി 6,80,894 പേർ യാത്രചെയ്തതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.
ഈ വർഷം ജൂൺമുതൽ രണ്ടു ലൈനുകളിലുമായി ശരാശരി പ്രതിദിന യാത്രക്കാർ ആറുലക്ഷത്തിന് മുകളിലാണ്. സെപ്റ്റംബർ 25-ന് 6,69,037 പേർ മെട്രോയിൽ യാത്രചെയ്തിരുന്നു.
ചൊവ്വാഴ്ചയും പർപ്പിൾ ലൈനിലെ സ്റ്റേഷനുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നതായും ബി.എം.ആർ.സി.എൽ. കൂട്ടിച്ചേർത്തു.