ലഖ്നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭർത്താവും അച്ഛനും ചേർന്ന് 22കാരിയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ടു.
കൃത്യത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ഉത്തരപ്രദേശിലെ അസംഗിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം.
സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാർ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു.
അടുത്തിടെയായി മോട്ടോർ ബൈക്ക് വാങ്ങി വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു.
ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
വീടിന്റെ തറയ്ക്കടിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും യുവതിയുടെ ഭർതൃവീട്ടുകാർക്കെതിരെ സ്ത്രീധനം, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ പ്രകാരം കേസ് എടുത്തതായും പോലീസ് പറഞ്ഞു.