ബെംഗളൂരു : ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടി രൂപ പിടിച്ചെടുത്തു.
ഫ്ലാറ്റിൽ കട്ടിലിനടിയിൽ കാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച 42 കോടിരൂപ ആദായനികുതിവകുപ്പ് പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ബി.ജെ.പി. സർക്കാർ ബില്ലുമാറിക്കിട്ടാൻ 40 ശതമാനം കമ്മിഷൻ വാങ്ങിയെന്ന ആരോപണമുന്നയിച്ച പ്രമുഖ കരാറുകാരിൽ ഒരാളായ ആർ. അംബികാപതിയുടെ സുൽത്താൻ പാളയയിലെ ഫ്ളാറ്റിൽനിന്നാണ് ആദായനികുതിവകുപ്പ് പണം കണ്ടെത്തിയത്.
23 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ.
താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റാണിത്.
പണം പിടിച്ചെടുത്തതോടെ അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ് സംഭരിച്ച പണമാണിതെന്ന ആരോപണവുമായി ബി.ജെ.പി.യും ജെ.ഡി.എസും തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതിയും രംഗത്തെത്തി.
അംബികാപതി ഉൾപ്പെടെ ഏഴുകരാറുകാരുമായി ബന്ധമുള്ള വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിവിധയിടത്തുനിന്നായി ഒട്ടേറെ രേഖകളും സംഘം പിടിച്ചെടുത്തതായാണ് സൂചന.
ബി.ബി.എം.പി. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും കർണാടക കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് അംബികാപതി. മുൻ ജെ.ഡി.എസ്. കോർപ്പറേറ്റർ അശ്വതാമ്മയുടെ ഭർത്താവാണ്.