ബെംഗളൂരു: നഗരത്തിലെ പുകയില ഉപഭോക്താക്കൾക്കും വിൽപനക്കാർക്കും എതിരെ കർശന നടപടി സ്വീകരിച്ച ശേഷം, ശനിയാഴ്ച നഗരത്തിലും പരിസരങ്ങളിലും പുകവലിക്കെതിരെ പോസ്റ്റർ പ്രചാരണം ആരംഭിച്ച് പോലീസ്. . സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് പോസ്റ്റർപ്രചാരണം നടത്തുന്നത്.
നഗരത്തിലെ പൊതുസ്ഥലങ്ങളിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്കും ഉപഭോഗത്തിനും എതിരെ കർശനമായ നടപടി ഉറപ്പാക്കുകയും ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവബോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദ പറഞ്ഞു.
പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കഫേകൾ, പബ്ബുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിക്കാൻ അധികാരപരിധിയിലുള്ള പോലീസിന് ഒരു കൂട്ടം പോസ്റ്ററുകൾ നൽകിയിട്ടുണ്ട്. എല്ലാ ഭക്ഷണശാലകളും അവരുടെ പരിസരത്ത് പുകവലി അനുവദിക്കുന്നതിനുള്ള ലൈസൻസ് നേടുകയും സ്മോക്കിംഗ് സോണായി ഒരു പ്രത്യേക സ്ഥലം ഉൾപ്പെടെയുള്ള ചില നിബന്ധനകൾ പാലിക്കുകയും വേണം.
ഈ വർഷമാദ്യം സിറ്റി പോലീസ് പൊതുസ്ഥലങ്ങളിലെ പുകവലിയ്‌ക്കെതിരെ ഒരു ഡ്രൈവ് ആരംഭിക്കുകയും കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകൾക്കെതിരെ സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും (COTPA) നിയമപ്രകാരം കേസെടുത്തിരുന്നു.
പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങളും മദ്യവും വിൽക്കുന്നതിനെതിരെയും പോലീസ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.