ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പില്‍ ഏര്‍പ്പെട്ട മൂന്നു പേര് കൂടി മംഗളൂരുവില്‍ അറസ്റ്റിലായി.
മൂഡബിദ്രി പോലീസ് സ്റ്റേഷൻ പരിധിയില്‍ മര്‍പാടി ഗ്രാമത്തില്‍ ഒണ്ടിക്കട്ടെ കടല്ക്കര പാര്‍ക്കിനോടനുബന്ധിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചത്.
മര്‍പാടിയിലെ യു.സുകേഷ് ആചാര്യ(30),പടുമര്‍നഡു ഗ്രാമത്തിലെ ബി.ഉമേഷ്(40),മൂഡബിദ്രി പുത്തിഗെയിലെ പി.പുറന്തര കുളല്‍(38) എന്നിവരാണ് അറസ്റ്റിലായത്.
പാര്‍ക്കില്‍ എത്തുന്നവരെ വാതുവെപ്പിലേക്ക് ആകര്‍ഷിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്.
പുരന്തരയാണ് കേന്ദ്രം തുടങ്ങാൻ പണം മുടക്കിയതെന്ന് സുകേഷ് പോലീസിനോട് പറഞ്ഞു.മുംബൈയില്‍ നിന്നാണ് വെബ്സൈറ്റ് നിയന്ത്രിച്ചത്.
പണമിടപാട് ഓണ്‍ലൈനില്‍ ആയതിനാല്‍ നോട്ടുകള്‍ കണ്ടെത്താനായില്ലെന്ന് റെയ്ഡിന് നേതൃത്വം നല്കിയ മൂഡബിദ്രി എസ്.ഐ സിദ്ധപ്പ നരനൂറ പറഞ്ഞു.
തിങ്കളാഴ്ച സൂറത്ത്കല്‍, കാവൂര്‍ പോലീസ് സ്റ്റേഷൻ പരിധികളില്‍ നിന്നായി ക്രിക്കറ്റ് വാതുവെപ്പില്‍ ഏര്‍പ്പെട്ട രണ്ടു പേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെല്യാറു ഹലെയങ്ങാടിയിലെ കെ.ദീപക്(33), കാവൂര്‍ മറകടയിലെ സന്ദീപ് ഷെട്ടി (38) എന്നിവരായിരുന്നു അറസ്റ്റിലായത്. 31,000 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.