ബെംഗളൂരു: കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന എം.ഡി.എം.എയുമായി കുറ്റ്യാടി സ്വദേശികളായ രണ്ട് യുവാക്കളെ തലശ്ശേരിയിൽ പോലീസ് പിടികൂടി.
കുറ്റ്യാടി മരുതോങ്കരയിലെ പുളിക്കൽ വീട്ടിൽ പി.എം. നബീൽ (34), അടുക്കത്ത് തൈയ്യാർക്കണ്ടി വീട്ടിൽ ടി.കെ. അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി സ്റ്റേഷൻ പരിധിയിലെ സൈദാർ പള്ളിക്കടുത്ത് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്.
ഇവരിൽ നിന്ന് 85.005 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്നു എം.ഡി.എം.എ.
കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു.
ബെംഗളൂരുവിൽ നിന്നാണ് വിൽപനക്കായി എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ലഹരി ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.