Read Time:1 Minute, 25 Second
പാലക്കാട്: ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ആണ് സംഭവം. അപകടത്തിൽ ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഈ മാസം 18 നായിരുന്നു ഇരുവരുടെയും വിവാഹം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്.
മോളൂർ തവളപ്പടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.
തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽ നിന്നും മടങ്ങി വരികയായിരുന്നു ഇവർ.
വരുന്നതിനിടെ മോളൂർ തവളപ്പടിയിലുള്ള ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ബൈക്ക് ഇടിച്ചു കയറി.
ജിബിനും ശ്രീഷ്മയും ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തിൽ ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിൻ മരിക്കുകയായിരുന്നു.