ബെംഗളൂരു: ലോകസഭാ തെരഞ്ഞെടുപ്പിനായി കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് തുടക്കമായി.
ഡിസംബർ 8 വരെ ഇത് നീണ്ടുനിൽക്കും. പേരിലും മേൽവിലാസത്തിലും മറ്റും തിരുത്തലുകൾ വരുത്തേണ്ടവർക്ക് അപേക്ഷിക്കാം.
അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.
ഒരു വർഷത്തിനിടെ ബെംഗളൂരുവിൽ വോട്ടർമാരുടെ എണ്ണം അഞ്ച് ലക്ഷം വർദ്ധിച്ചതായി ബിബിഎംപി പുറത്തിറക്കിയ കരട് വോട്ടർ പട്ടിക കണക്കുകൾ.
2023 ജനുവരി 1 വരെ 92.09 ലക്ഷം വോട്ടർമാരാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നതെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ കരട് രേഖയിൽ ഇത് 97.90 ലക്ഷമായി വർധിച്ചുവെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കണക്കുകൾ വ്യക്തമാക്കുന്നു.
97.90 ലക്ഷം വോട്ടർമാരിൽ 50.61 ലക്ഷം പുരുഷന്മാരും 47.26 ലക്ഷം സ്ത്രീകളും 1,760 പേർ മറ്റുള്ളവരുമാണ് ഉള്ളത്.
7.06 ലക്ഷം വോട്ടർമാരുള്ള ബംഗളൂരു സൗത്ത് അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്, മഹാദേവപുര (6.18 ലക്ഷം), യശ്വന്ത്പുര (5.72 ലക്ഷം) എന്നിങ്ങനെയാണ് കരട് വോട്ടർ പട്ടിക. ഏറ്റവും കുറവ് വോട്ടർമാരുള്ള ശിവാജിനഗറാണ് അവിടെ 1.96 ലക്ഷം മാത്രം വോട്ടർമാരുള്ളത്.
പൗരന്മാരെ സ്വയം രജിസ്റ്റർ ചെയ്യാനോ എന്തെങ്കിലും മാറ്റങ്ങൾ സമർപ്പിക്കാനോ സഹായിക്കുന്നതിന് നവംബർ 18, 19, ഡിസംബർ 2, 3 തീയതികളിൽ ബിബിഎംപി ബൂത്ത് തലത്തിൽ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് നടത്തും.
പൗരന്മാർക്ക് ‘voters.eci.gov.in’ എന്ന വെബ് പോർട്ടലിലോ ‘വോട്ടർ ഹെൽപ്പ്ലൈൻ’ മൊബൈൽ ആപ്ലിക്കേഷനിലോ അവരുടെ വിശദാംശങ്ങൾ പരിശോധിക്കാനും എതിർപ്പുകൾ ഉന്നയിക്കാനും ഡിസംബർ 9-ന് മുമ്പ് കഴിയും. തുടർന്ന് അന്തിമ വോട്ടർ പട്ടിക 2024 ജനുവരി 5-ന് പ്രസിദ്ധീകരിക്കും.