ചെന്നൈ: തമിഴ് സിനിമ ലോകത്തെ വില്ലന്മാരിൽ പ്രമുഖൻ ആണ് നടന് മന്‍സൂര്‍ അലി ഖാന്.
ഒരുകാലത്ത് പ്രധാന നടന്മാരുടെ ചിത്രങ്ങളില്‍ എല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് ഇദ്ദേഹം.
വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കം വന്‍ ഹിറ്റായ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് തമിഴ് സിനിമയില്‍ വലിയ മാറ്റം വന്നതോടെ മന്‍സൂര്‍ അലി ഖാന്റെ വേഷവും കുറഞ്ഞു.
പക്ഷെ മുന്‍പ് ഒരു അഭിമുഖത്തില്‍ തമിഴകത്തെ ഇപ്പോഴത്തെ സ്റ്റാര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജ് ഒരു കാര്യം വെളിപ്പെടുത്തിയത് മന്‍സൂര്‍ അലി ഖാനെ വീണ്ടും സിനിമ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
ലോകേഷിന്റെ വന്‍ വിജയമായ ചിത്രം കൈതിയില്‍ ആദ്യം നായകനായി ഉദ്ദേശിച്ചത് മന്‍സൂര്‍ അലി ഖാനെയായിരുന്നു.
മന്‍സൂര്‍ അലി ഖാനെ മനസില്‍ കണ്ടാണ് ലോകേഷ് കഥയെഴുതിയത്. എന്നാല്‍ പിന്നീട് ചിത്രം കൊമേഷ്യലായി മാറിയതോടെ വലിയ മാറ്റങ്ങളോടെ ഈ ചിത്രം കാര്ത്തിയില് എത്തുകയായിരുന്നു.
അതേ സമയം വിക്രം എന്ന ചിത്രത്തില്‍ ലോകേഷ് മന്‍സൂര്‍ അലിഖാന്റെ പഴയൊരു ചിത്രത്തിലെ ഗാനം ഉപയോഗിച്ചിരുന്നു.
ഇതിന് പിന്നാലെ ദളപതി വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ലിയോയില്‍ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന് എത്തുന്നുണ്ട്.
തനിക്ക് ഇഷ്ടപ്പെട്ട ഒരു നടനെ ലോകേഷ് ഏത് റോളില്‍ അവതരിപ്പിക്കും എന്നതാണ് ഇപ്പോള്‍ തമിഴകം ഉറ്റുനോക്കുന്നത്.
അതിനാല്‍ അടുത്തിടെ വലിയ വാര്‍ത്ത പ്രധാന്യം നേടിയ മന്‍സൂര്‍ അലി ഖാനെ വച്ച് അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനല്‍ ഫാന്‍ ഷോ നടത്തിയിരുന്നു.
അതിന്റെ ഭാഗമായി മന്‍സൂര്‍ അലി ഖാന്റെ വീട് ഇവര്‍ സന്ദര്‍ശിച്ചപ്പോഴാണ് വിചിത്രമായ ഒരു കാര്യം പുറം ലോകത്തേക്ക് എത്തുന്നത്.
വീട്ടിനുള്ളില്‍ തെങ്ങുകള്‍ വളര്‍ത്തുന്നുണ്ട് മന്‍സൂര്‍.
തന്റെ വീട്ടിലെ വിവിധ ഇടങ്ങളിലായി ആറ് തെങ്ങുകള്‍ വളരുന്നുണ്ടെന്നാണ് മന്‍സൂര്‍ അലി ഖാന് പറയുന്നത്.
എന്തിന് സ്വീകരണ മുറിയിലും, ബാത്ത് റൂമിലും പോലും തെങ്ങുണ്ട് മന്‍സൂറിന്റെ വീട്ടില്‍ ഇതെല്ലാം ഇപ്പോള്‍ വൈറലായ വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട് താരം.
വീട് വയ്ക്കാന്‍ സ്ഥലം എടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന തെങ്ങുകളാണ് ഇവ. അവയെ വെട്ടികളയാന്‍ തോന്നിയില്ല.
വീടിനൊപ്പം തന്നെ അവയും വളരട്ടെ എന്ന് കരുതി എന്നാണ് വീട്ടിനുള്ളിലെ തെങ്ങുകളെക്കുറിച്ച് മന്‍സൂര്‍ അലി ഖാന് പറയുന്നത്.