ഒരോ സംസ്ഥാനത്തിന്റെയും സ്ഥാപക ദിനം എന്നത് ആ സംസ്ഥാനം രൂപീകരിച്ച ദിനം ആഘോഷിക്കുന്ന ദിവസമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടയുടെ സ്ഥാപക ദിനം നവംബർ 1 നാണ് ആഘോഷിക്കുന്നത്.
ഈ ദിവസത്തിന്റെ മറ്റ് ചില പ്രത്യേകതകൾ എന്തെന്നാൽ കേരളം (Kerala) കേരളപ്പിറവി ആഘോഷിക്കുന്നതും ഇതേ ദിവസമാണ്.
കേരളം മാത്രമല്ല, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനവും നവംബർ ഒന്നിനാണ്.
കർണാടകയിൽ, സ്ഥാപക ദിനത്തെ കർണാടക രാജ്യോത്സവ ദിനം (Karnataka Rajyotsava) എന്നാണ് വിളിക്കുന്നത്.
സംസ്ഥാനത്തിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ ഇന്ന് ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഔദ്യോഗിക പതാകകൾ കൊണ്ട് തെരുവുകളും വീടുകളും കെട്ടിടങ്ങളും മറ്റും അലങ്കരിക്കും.
സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ രാജ്യോത്സവ അവാർഡുകൾ വിതരണം ചെയ്യുന്നതും ഈ ദിവസമാണ്.
1966 ൽ ആരംഭിച്ച ഈ അവാർഡുകൾ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം, പത്രപ്രവർത്തനം, ജുഡീഷ്യറി, സാഹിത്യം, വൈദ്യം, സംഗീതം, കായികം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെ പ്രതിഭകൾക്കാണ് നൽകുന്നത്.
ഈ വർഷം 68 പ്രമുഖർക്ക് പുരസ്കാരങ്ങൾ നൽകും.
സംസ്ഥാന സ്ഥാപക ദിനം കർണാടകയിൽ ഒരു പൊതു അവധി ദിനമാണ്.
മുഖ്യമന്ത്രിയും സംസ്ഥാന ഗവർണറും ചേർന്ന് ഔദ്യോഗിക പതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും.
സംസ്ഥാനത്തുടനീളം നിരവധി ആഘോഷ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കും.