ബെംഗളൂരു: ശനിയാഴ്ച വൈകുന്നേരം മൈക്കോ ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിൽ വിശ്വാസവഞ്ചന ആരോപിച്ച് 24 കാരിയായ ലിവ്-ഇൻ പങ്കാളിയെ പ്രഷർ കുക്കർ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 27 കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
എഞ്ചിനീയറിംഗ് ബിരുദധാരിയായ വൈഷ്ണവും ഇയാളുടെ പങ്കാളി ദേവിയും മലയാളികൾ ആണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്.
അതിനിടെ ദേവി മറ്റൊരാളുമായി അടുപ്പത്തിലായതിനെ തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈഷ്ണവിന് മരിച്ച യുവതിയെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു, അവർ അതിനെ ചൊല്ലി വഴക്കിട്ടു. ഞായറാഴ്ച, വീണ്ടും വഴക്കുണ്ടായി, ഇതോടെ വൈഷ്ണവ് യുവതിയെ കുക്കർ കൊണ്ട് അടിച്ചുകൊലപെടുത്തുകയായിരുന്നു.
വൈഷ്ണവിനെ അറസ്റ്റ് ചെയ്തുവെന്നും ചോദ്യം ചെയ്യൽ തുടരുകയാണ്, എന്നും സൗത്ത് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സികെ ബാബ പറഞ്ഞു.