ബെംഗളൂരു∙ മൈസൂരു– കൊച്ചുവേളി എക്സ്പ്രസ് (16315/16316) മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റം വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് റെയിൽവേ.
നിലവിൽ ട്രെയിൻ ബെംഗളൂരുവിൽ പിടിച്ചിടുന്നത് ഒന്നരമണിക്കൂറോളമാണ്. ട്രെയിൻ മൈസൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2ന് ശേഷം പുറപ്പെടുന്ന തരത്തിൽ സമയക്രമീകരണം ഏർപ്പെടുത്തണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ഉൾപ്പെടെ പലതവണ ദക്ഷിണപശ്ചിമ റെയിൽവേ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ മാത്രം ഉണ്ടായില്ല.
ഉച്ചയ്ക്ക് 12.45നു മൈസൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 2.41നാണ് ബെംഗളൂരു നഗരാതിർത്തിയായ കെങ്കേരി സ്റ്റേഷനിലെത്തുന്നത്.
കെങ്കേരിയിൽ നിന്ന് 2.43ന് പുറപ്പെടുന്ന ട്രെയിൻ 12 കിലോമീറ്റർ മാത്രം അകലെയുള്ള കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെത്തുന്നത് 4.35നാണ്. 4.50നു യാത്ര തുടരും.
ചിലപ്പോൾ നേരത്തേ കെഎസ്ആറിലെത്തുന്ന ട്രെയിൻ പിന്നെ ഒന്നരമണിക്കൂറോളം പിടിച്ചിടാറുണ്ട്. ഇല്ലെങ്കിൽ കെങ്കേരി, നായന്തഹള്ളി, കൃഷ്ണദേവരായ ഹാൾട്ട് എന്നിവിടങ്ങളിൽ പിടിച്ചിടും.