മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്.
2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത അഭിനയ ലോകത്തിലെത്തിയത്.
കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്.
രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്.
സിനിമകളില്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്.
ഏറെ നാള് രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു.
എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.
അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്.
കാന്‍സറിന് പിന്നാലെ വിറ്റിലിഗൊ എന്നീ ആരോഗ്യ പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് നടി സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മംമ്ത.
ഒരു ഫേസ്ബുക്ക് പേജിന് എതിരെയാണ് മംമ്ത രംഗത്ത് എത്തിയിരിക്കുന്നത്. ‘ഇനി പിടിച്ചു നില്ക്കാന് കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട നടി കമന്റുമായി എത്തുക ആയിരുന്നു.
‘ശരി നിങ്ങള്‍ ആരാണ് നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാന് ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, എന്നാണ് മംമ്ത കമന്റ് ചെയ്തത്.
പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്.