ബെംഗളൂരു: റോഡിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മധ്യവയസ്കന് ആൾക്കൂട്ടത്തിന്റെ മർദനം.
ഹൊസ്കോട്ട് സൂലിബെലെ റോഡിൽ താമസിക്കുന്ന അബ്ദുൾഖാദർ (51) നെയാണ് ദേവനഹള്ളിയിൽ വെച്ച് നടുറോഡിൽ മന്ത്രവാദം നടത്തിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദിച്ചത്.
മർദനത്തിൽ അബ്ദുൾ ഖാദറിന്റെ ചെവിക്ക് കേൾവിക്കുറവും കാലുകൾക്ക് പരിക്കേറ്റു.
ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് അബ്ദുൾ ഖാദർ. ഇവ മാറാൻ ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴാണ് ഒക്ടോബർ 29ന് ഖാദറും ഭാര്യ ബേബി മുജാഹുസനും മകനും ചിക്കബെല്ലാപ്പൂർ ജില്ലയിലെ ചിന്താമണിയിലുള്ള ഒരു ആത്മീയ കേന്ദ്രത്തിലേക്ക് പോയത്.
ഈ കേന്ദ്രത്തിലെ ആത്മീയ തലവൻ ഖാദറിന് ഒരു നാരങ്ങയും മൂന്ന് റോഡുകൾ ചേരുന്ന സ്ഥലത്ത് കാലുകൊണ്ട് ചതയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഈ കർമ്മത്തിലൂടെ തന്റെ ആരോഗ്യപ്രശ്നങ്ങൾ ഭേദമാകുമെന്നായിരുന്നു ഖാദറിനോട് പറഞ്ഞത്.
നാട്ടിലേക്ക് മടങ്ങുമ്പോൾ ദേവനഹള്ളിയിലെ മുനിസിപ്പൽ ഓഫീസ് ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ച് ദൂരം നടന്നപ്പോൾ മൂന്ന് റോഡുകൾ കൂടിച്ചേരുന്നയിടത്തെത്തി.
തുടർന്ന് ഈ ജംഗ്ഷന്റെ നടുക്ക് വെച്ച് കാലുകൊണ്ട് നാരങ്ങ ചതയ്ക്കാൻ ശ്രമിച്ചു.
റോഡരികിൽ ഉന്തുവണ്ടി ഭക്ഷണശാല നടത്തുന്ന സ്ത്രീ ഇത് കാണുകയും മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് ധരിച്ച് ഉപദ്രവിക്കാൻ തുടങ്ങുകയാണെന്ന് ഖാദർ പോലീസിനോട് പറഞ്ഞു.
ഈ സ്ത്രീ തന്റെ ഭർത്താവിനെയും സഹോദരനെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് എല്ലാവരും ചേർന്ന് മർദിച്ചതായും ഖാദർ പറഞ്ഞു.
ഇവർ അബ്ദുൾ ഖാദറിന്റെ കഴുത്തിൽ തൂവാല കെട്ടി വലിച്ചിഴക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തതായി ഭാര്യ പോലീസിൽ പറഞ്ഞു.
പ്രാദേശിക നേതാവ് അഞ്ജിനപ്പയും മർദ്ദിക്കാൻ ചേർന്നതായി പറയപ്പെടുന്നു.
സംഭവത്തിൽ കേസെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.