ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട്.
നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരമായി 5,000 രൂപ നല്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍ സമഗ്രമായ പദ്ധതി തയ്യാറാക്കാൻ നാലാഴ്ചയ്ക്കകം വീണ്ടും യോഗം ചേരണമെന്ന് നിര്‍ദേശിച്ചു.
തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും മറ്റും ബന്ധപ്പെടുത്തി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യാപക പ്രചാരം നല്‍കാനും കോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്കി.