ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്.
അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്വേർ എൻജിനിയറായ സിജോ സ്വന്തമായാണ്.
ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ.
2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ ചേർത്തത്. പിന്നീടുള്ള ഓരോവർഷവും സ്കൂൾ നിയമവിരുദ്ധമായാണ് ഫീസ് ഈടാക്കുന്നതെന്ന് മനസ്സിലായി.
2019-ൽ മകൻ അഞ്ചാംക്ലാസിലെത്തിയപ്പോൾ ഒറ്റയടിക്ക് 25 ശതമാനം ഫീസ് വർധിപ്പിച്ചു. പ്രതിഷേധമുണ്ടെങ്കിലും ഫീസ് അടയ്ക്കുമെന്നും എന്നാൽ, അനധികൃതമായി വാങ്ങിയ ഫീസ് തിരികെവാങ്ങാനുള്ള നിയമപോരാട്ടം ആരംഭിക്കുമെന്നും സിജോ പ്രിൻസിപ്പലിനെ അറിയിച്ചു.
ആദ്യം സ്കൂൾതലത്തിൽ സംസാരിച്ചുനോക്കുമെന്നും നടന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമെന്നും ഇവിടെയും പരിഹാരം കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമായിരുന്നു സിജോ അറിയിച്ചത്.
എന്നാൽ, ഇവിടെ ഇങ്ങനെയൊക്കയാണ്, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളാനായിരുന്നു മറുപടി. ഇതിനിടെ മകനെ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു.