ബെംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന കേസിലെ പ്രതിക്കെതിരെ ജനരോഷം.
വ്യാഴാഴ്ച വൈകീട്ട്, കൂട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ആൾക്കൂട്ടത്തിന്റെ രോഷം.
കേസിലെ പ്രതി എയർ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ചത്.
എന്നാൽ, ജനക്കൂട്ടം ബാരിക്കേഡുകൾ ചാടിക്കടന്ന് കൊലപാതകിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉഡുപ്പി ജില്ല കോടതി 14 ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.