ചെന്നൈ: കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ പരിശോധനകള്‍ കര്‍ശനമാക്കാനൊരുങ്ങി തമിഴ്നാട്.
കോയമ്ബത്തൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 14 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി.
160 പോലീസുകാരെ കൂടി ഇവിടങ്ങളില്‍ വിന്യസിച്ചു.
കേരളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാല്‍ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്.
കഴിഞ്ഞ ദിവസമാണ് വയനാട് പെരിയ ചപ്പാരത്ത് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലില്‍ രണ്ട് ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഞ്ചംഗ സംഘമാണ് പെരിയയിലെത്തിയത്.
ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
ഇവര്‍ക്കായി കണ്ണൂര്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ക്ക് വെടിയേറ്റിരുന്നോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
കണ്ണൂര്‍ അയ്യൻകുന്നിലും മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു.
അയ്യൻകുന്നില്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം.
ഞെട്ടിത്തോട് ഉള്‍വനത്തിലും കര്‍ണാടക അതിര്‍ത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചില്‍.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കൂടാതെ കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടര്‍ക്കും മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു.