ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റിനെ ബംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടി. പ്രകാശ് ഷെട്ടി എന്നയാളാണ് അറസ്റ്റിലായത്.
ഒക്ടോബർ 19ന് ശങ്കരപുരയിലെ പമ്പ മഹാകവി റോഡിലെ ഒരു വീടിന് മുന്നിൽ വെച്ച് ഒരാൾ, മാസ്റ്റർ വാതുവെപ്പുകാരിൽ നിന്ന് allexch.bet-ന്റെ യൂസർ ഐഡിയും പാസ്വേഡും വാങ്ങി തന്റെ കൂട്ടാളികൾക്ക് ക്രിക്കറ്റ് വാതുവെപ്പിനായി നൽകുകയായിരുന്നതായി സ്പെഷ്യൽ എൻക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി സിസിബി അറിയിച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ ഷെട്ടിയെ അറസ്റ്റ് ചെയ്യുകയും 1.50 ലക്ഷം രൂപയും ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ശങ്കരപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്.
കാർക്കള താലൂക്കിലെ അജേക്കർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉഡുപ്പിയിൽ ഇതര സംസ്ഥാനക്കാരായ നാലുപേർക്ക് പരിശീലനം നൽകുന്നതായി ഷെട്ടിയെ ചോദ്യം ചെയ്തതോടെ സിസിബി ഉദ്യോഗസ്ഥർ കണ്ടെത്തി.
‘ടീം ഡെവലപ്പർ’ എന്ന പേരിൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഷെട്ടി തന്റെ കൂട്ടാളികൾക്ക് allexch.bet-നെക്കുറിച്ചും മറ്റ് ഓൺലൈൻ വാതുവെപ്പ് ആപ്പുകളെക്കുറിച്ചും പരിശീലനം നൽകിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബർ 16 ന് സിസിബി ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തി ആറ് മൊബൈൽ ഫോണുകളും ഒരു ടാബ്ലെറ്റ് ഉപകരണവും പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി കണ്ടെത്തിയ 41,71,000 രൂപ മരവിപ്പിച്ചതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.