ബെംഗളൂരു: ലോക പൈതൃക കേന്ദ്രമായ ഹംപിക്ക് മികച്ച ടൂറിസം അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി.
ഖജനാവിന് ടൂറിസം നല്ല വരുമാനം നൽകുമെന്നതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശം അറിയിക്കാൻ കർണാടക ഹൈക്കോടതി ശനിയാഴ്ച അഡ്വക്കേറ്റ് ജനറലിനോട് അഭ്യർത്ഥിച്ചു. .
പുരാതന സ്മാരകമായ സൗമ്യകേശവ ക്ഷേത്രത്തിന്റെ നിരോധിത മേഖലകളിലും നിയന്ത്രിത മേഖലകളിലും അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നത് സംബന്ധിച്ച് 2016ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെയും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. വിജയനഗര ജില്ലയിലെ നാഗമംഗലയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്.
1990 കളിൽ കർണാടക വിനോദസഞ്ചാരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു, എന്നാലിപ്പോൾ മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത് എന്നും ബെഞ്ച് പ്രത്യേകം എടുത്തു പറഞ്ഞു.
നിലവിലുള്ള സൗകര്യങ്ങൾ വിനോദസഞ്ചാരികൾക്ക് പര്യാപ്തമല്ലാത്തതിനാൽ ഹംപിക്ക് മികച്ച ടൂറിസം സൗകര്യങ്ങൾ ആവശ്യമാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക പൈതൃക സ്ഥലങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മികച്ച സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാരിന് എല്ലായ്പ്പോഴും വിദഗ്ധരുമായി കൂടിയാലോചിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു.