ബെംഗളൂരു : ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിലെ അഴിമതിയാരോപണം തെളിയിച്ചാൽ രാഷ്ട്രീയത്തിൽനിന്ന് രാജിവെക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ഥലം മാറ്റത്തിന് പണം ആവശ്യപ്പെട്ടിരുന്നത് കുമാരസ്വാമിയുടെ കാലത്തായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
മകനും മുൻ എം.എൽ.എ.യുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയോട് ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നതിനെത്തുടർന്നായിരുന്നു ആരോപണവുമായി കുമാരസ്വാമി രംഗത്തെത്തിയത്.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് യതീന്ദ്ര ഇടപെട്ട് പണം വാങ്ങുന്നതിന്റെ തെളിവാണിതെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭരണത്തിലിരുന്ന കാലത്ത് കുമാരസ്വാമിയും ജെ.ഡി.എസ്. നേതാക്കളും മേടിച്ച പണത്തെ ക്കുറിച്ചാണ് കുമാരസ്വാമി പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
തങ്ങളുടെകാലത്ത് സ്ഥലംമാറ്റത്തിന് ഒരു പൈസപോലും വാങ്ങിയിട്ടില്ല.
കുമാരസ്വാമി ഇങ്ങനെ ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കട്ടെ. അതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.