ബീച്ച് വെഡ്ഡിംങ്ങും ഡെസ്റ്റിനേഷൻ വെഡ്ഡിംങ്ങും ഒക്കെ സ്വപ്നം കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് വിദേശ രാജ്യങ്ങളും പിന്നാലെ അതിനായി വരുന്ന വലിയ ചെലവുകളുടെ കണക്കുമായിരിക്കും.
അതോടെ അത്തരം സാഹസികതകൾ വേണ്ടെന്ന് വെക്കാൻ പലരും നിർബന്ധിതരാകും.
എന്നാൽ ഇത്തരം സ്വപ്നങ്ങൾ ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ യാഥാർഥ്യമാവുകയാണ്.
കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിൽ തയാറായിക്കഴിഞ്ഞു.
വിനോദ സഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാര്‍ക്കിലാണ് ഒരുങ്ങിയിരിക്കുന്നത്.
ബീച്ച് പാര്‍ക്കിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മുൻകൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവര്‍ക്കും ഇവിടെയെത്തി വിവാഹം നടത്താം.
ശംഖുമുഖത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രതിശ്രുത വധൂവരൻമാർക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും എഎ റഹിം എംപിയും മേയർ ആര്യാ രാജേന്ദ്രനും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
നവംബര്‍ 30ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ ആദ്യ വിവാഹം നടക്കും.
ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓഗ്മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് സോണ്‍, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കും.
കൂടാതെ, അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളുള്‍പ്പെടുത്തിയുള്ള റെസ്റ്റോറന്റ് എന്നിവയും ഇവിടെ സജ്ജമാക്കും. ഇതോടൊപ്പം കേരളത്തിന്റെ തനതായ വിഭവങ്ങളുള്‍പ്പെടുന്ന മെനുവും ലഭ്യമാക്കും. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമായിരിക്കും ഇത്.