ബെംഗളൂരു: നഗരത്തിൽ താമസിക്കുന്ന പേയിംഗ് ഗസ്റ്റുകളുടെ (പിജി) വിലാസം ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് പിജി ഉടമകൾ ബി.ബി.എം.പിയുടെ വെബ് പോർട്ടലിൽ നൽകണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി. ദയാനന്ദ നിർദേശിച്ചു.
പിജികളിൽ താമസിക്കുന്ന പ്രതികളിൽ ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒളിവിലാണ്.
കൂടാതെ, കോടതിയിൽ നിന്നുള്ള സമൻസുകളും വാറണ്ടുകളും നടപ്പിലാക്കാൻ പിജി താമസക്കാരുടെ പൂർണ്ണമായ വിവരങ്ങളൊന്നുമില്ല. ഇത് നിയമപ്രശ്നമായി മാറുകയാണ്.
ആയതിനാൽ, ഉടമകൾ ബി.ബി.എം.പിയുടെ വെബ് പോർട്ടലിൽ എല്ലാവരുടെയും പൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് പോലീസ് നിർദ്ദേശിക്കുന്നത്.
വിവരങ്ങൾ ശേഖരിച്ച് വെബ് പോർട്ടലിൽ ഇടണമെന്ന് നിർബന്ധമില്ല. ഉടമകൾക്ക് സ്വമേധയാ പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ നിലവിലുള്ളത് 5,000 ത്തോളം പി.ജികളാണ് ഉള്ളത് അതിൽ. 4.50 ലക്ഷത്തോളം പേർ താമസമാക്കിയിട്ടുമുണ്ട്. നഗരത്തിന്റെ ഈസ്റ്റ് വൈറ്റ്ഫീൽഡ്, സൗത്ത് ഈസ്റ്റ് സെക്ഷനുകളിലാണ് കൂടുതൽ പിജികളുള്ളത്.
ഐടി കമ്പനികളിലെ ജീവനക്കാർ ധാരാളമുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചിലർ നിയമപ്രശ്നങ്ങളുണ്ടാക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്.
ഈ പിജികളിൽ ആരൊക്കെയാണ് താമസിക്കുന്നതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. ചില കുറ്റകൃത്യങ്ങൾ സംഭവിക്കുന്ന സമയത്ത് മാത്രമാണ് വാടകക്കാരുടെ യഥാർത്ഥ വിവരങ്ങൾ വീട്ടുടമസ്ഥർ പോലും അറിയുന്നത്.
നിലവിൽ മാറത്തഹള്ളി പോലീസിന്റെ പരിധിയിൽ വരുന്ന 167 പി.ജി.കളിലാണ് താമസക്കാരുടെ സ്വകാര്യ വിവരശേഖരണം നടക്കുന്നത്.