ബെംഗളൂരു: കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ആനന്ദിനെ (40) ബെലഗാവിയിലെ ക്യാമ്പിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈയിൽ നിന്നുള്ള ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസസ് (ഐഡിഇഎസ്) ഉദ്യോഗസ്ഥനായ ആനന്ദ് ബെലഗാവിയിൽ ഏകദേശം ഒന്നര വർഷമായി തനിച്ചായിരുന്നു താമസം.
നവംബർ 23 ന് വൈകുന്നേരം മുതൽ വീട്ടുജോലിക്കാർക്ക് ഒരു വിവരവും നൽകാതെ ആനന്ദ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവന്നിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാർ ശനിയാഴ്ച രാവിലെ മുൻ കന്റോൺമെന്റ് ബോർഡ് വൈസ് പ്രസിഡന്റ് സാജിദ് ഷെയ്ഖിനെ വിവരമറിയിച്ചു.
ക്യാമ്പ് സ്റ്റേഷൻ പോലീസിൽ വിവരമറിയിക്കുകയും മുറിയിൽ കയറിയപ്പോൾ ആനന്ദിന്റെ ചേതനയറ്റ ശരീരം തറയിൽ കിടക്കുന്നത് കണ്ടെത്തുകയുമായിരുന്നു.
2021ലെ ജീവനക്കാരുടെ റിക്രൂട്ട്മെന്റിൽ ക്രമക്കേട് ആരോപിച്ച് നവംബർ 18-ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കന്റോൺമെന്റ് ബോർഡിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മരണം. .
ഡൽഹിയിലെയും ബെംഗളൂരുവിലെയും സിബിഐ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനിൽ ആനന്ദിനെ ചോദ്യം ചെയ്തിരുന്നു.