കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ തിരുവനന്തപുരം ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീകാര്യം സ്വദേശിയായ യുവാവാണ് ആദ്യം പിടിയിലായത്. ഇയാളെ വീട്ടിൽ നിന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളിൽ നിന്ന് ലഭിച്ച വിവരം പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപമുള്ള കാർ വാഷിംഗ് സെന്റർ ഉടമ പ്രജീഷിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാഡോ പോലീസ് അടക്കം എത്തിയതാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
കാർവാഷിംഗ് സെന്ററിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തു.
500 രൂപയുടെ 100 എണ്ണം വീതമുള്ള 19 കെട്ടുകളാണ് കണ്ടെത്തിയത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു.
കേസുമായി നേരിട്ട് ബന്ധമുള്ള ആളെയാണ് ശ്രീകാര്യത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമയേയും മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തത്.
ഇവർക്ക് കേസുമായി ഏതുതരത്തിലാണ് ബന്ധമെന്ന് വ്യക്തമല്ല. കാർ വാഷിംഗ് സെന്ററിൽ പോലീസ് റെയ്ഡ് നടത്തുകയാണ്.
ഓയൂർ അമ്പലംകുന്ന് സിദ്ധാർത്ഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ – സിജി ദമ്പതികളുടെ മകളുമായ അബിഗേൽ സാറാ മറിയ യെയാണ് തിങ്കളാഴ്ച 4.20ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.