ബെംഗളൂരു : ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന മലയാളികൾക്ക് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ സീറ്റുറപ്പിക്കാം.
കേരള ആർ.ടി.സി. ഡിസംബർ 22, 23, 24 തീയതികളിലേക്ക് പ്രഖ്യാപിച്ച 38 പ്രത്യേക സർവീസുകളിലായി ചൊവ്വാഴ്ച വൈകീട്ടത്തെ നിലയനുസരിച്ച് 1120 ടിക്കറ്റുകൾ ബാക്കിയുണ്ട്.
കർണാടക ആർ.ടി.സി. 22, 23 തീയതികളിലേക്ക് പ്രഖ്യാപിച്ച 21 പ്രത്യേക സർവീസുകളിലായി 334 ടിക്കറ്റകളും ബാക്കിയുണ്ട്.
ബെംഗളൂരുവിൽ നിന്ന് പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരള ആർ.ടി.സി. യുടെ പ്രത്യേക സർവീസുകൾ.
ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് കർണാടക ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തുന്നത്.
വരും ദിവസങ്ങളിൽ ഈ ടിക്കറ്റുകളും തീരും. യാത്രക്കാരുടെ തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു.