ബെംഗളൂരു: നിർമിത ബുദ്ധിയുടെ സാധ്യതകൾ വിവിധ മേഖലകളിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ 26–ാം പതിപ്പിനു തുടക്കമായി.
സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താനും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
സാങ്കേതിക വിദ്യയുടെ നേട്ടം എല്ലാവരിലും എത്തേണ്ടതുണ്ടെന്നും ബെംഗളൂരുവിനു പുറത്തേക്കും ഐടി മേഖലയെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ പ്രിയങ്ക് ഖർഗെ, എം.ബി.പാട്ടീൽ എൻ.എസ്.ബോസെരാജു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റോബട്ടിക്സ്, ഇലക്ട്രിക് വാഹന രംഗത്തെ പുത്തൻ പ്രവണതകൾ, കാർഷിക മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള സ്റ്റാളുകളാണ് ശ്രദ്ധ നേടുന്നത്.
ഇസ്റോയുടെ സൗരദൗത്യമായ ആദിത്യ എൽ–1ന്റെ മാതൃകയും സ്റ്റാളിലുണ്ട്.