നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തുന്ന ദിവസം ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്നതിനും പാചകത്തിനും വിലക്ക്.
ഏഴാം തീയതിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ച് നടക്കുക.
സുരക്ഷയുടെ ഭാഗമായി ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയത്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പൊലീസ് നോട്ടീസില്‍ പറയുന്നു.
കൂടാതെ ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമാണ് നടപടി എന്നും സ്വാഭാവിക നടപടി മാത്രമെന്നും പോലീസ് പറയുന്നു.
പരിശോധനകള്‍ക്ക് ശേഷം തൊഴിലാളികള്‍ക്ക് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് സ്റ്റേഷനില്‍ നിന്ന് നല്‍കും.
അതിനായി തൊഴിലാളികള്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം.
പൊലീസ് നല്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറയുന്നു.