ചെന്നൈ: ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മിഗ്ജോം ചുഴലിക്കാറ്റ് ചെന്നൈയിൽ നാശം വിതയ്ക്കുന്നു, ഇന്നലെ മുതൽ തീരദേശ നഗരത്തെ മുക്കിക്കളയുന്ന നിർത്താതെ പെയ്യുന്ന മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി.
അതെസമയം വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളിലൂടെ ഒരു മുതല അലക്ഷ്യമായി സഞ്ചരിക്കുന്നു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നേർക്കുൻട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോർട്ടുകൾ വരുന്നത്. തിരക്കില്ലാത്ത റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്.
കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും റോഡ് മറികടന്ന മുതല ശാന്തമായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പിൻവാങ്ങുന്നതും കാണാം.
കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി.
കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
അതേസമയം ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.
വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.