ആലപ്പുഴ: മാന്നാർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ ദിനീഷ് ബാബുവാണ് അക്രമത്തിന് ഇരയായത്.
പ്രതിയായ എണ്ണക്കാട് സ്വദേശി രുതിമോനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
രുതിമോൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന് വിളിച്ചറിയിച്ച ഭാര്യയുടെയും അമ്മയുടെയും പരാതി അന്വേഷിക്കാനാണ് ഇന്നലെ രാത്രി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത് .
വെട്ടുകത്തിയുമായി നിന്ന് ഭീഷണി മുഴക്കുകയായിരുന്ന രുതിമോനെ മാന്നാർ എസ് ഐ സജികുമാർ അടക്കമുള്ള പോലീസുകാർ ചേർന്ന് അനുനയിപ്പിച്ചു .
സ്റ്റേഷനിൽ കൂടെ വരാൻ ആവശ്യപ്പെട്ടതോടെ ഇയാൾ സമ്മതിച്ചു.
തുടർന്ന് വസ്ത്രം മാറി വരാമെന്ന് അറിയിച്ച ശേഷം വീട്ടിന് അകത്തേക്ക് പോയ രുതി മോൻ ചപ്പാത്തി പരത്തുന്ന പലകയുമായി എത്തി പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
ദിനീഷ് ബാബുവിനെ ആക്രമിച്ചതിന് പിന്നാലെ മറ്റ് പൊലീസുകാർ ചേർന്ന് രുതിമോനെ കീഴ്പ്പെടുത്തി.
രാത്രി തന്നെ കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് .
പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് മാന്നാർ SHO അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ ദിനീഷ് ബാബു പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.