ബെംഗളൂരു : ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്.
ഐ.ടി. ജീവനക്കാരനായ യുവാവിന്റെ 61 ലക്ഷം രൂപ സൈബർ കുറ്റവാളികൾ തട്ടിയെടുത്തതായി പരാതി.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ് പരാതിയുമായി സൈബർ ക്രൈം പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പോലീസ് അറിയിച്ചു.
ഒരുമാസം മുമ്പാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഉദയ് അംഗമായത്.
ഇതിൽ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
ആദ്യനിക്ഷേപമായി 10,000 രൂപ അടയ്ക്കുകയും ചെയ്തു. അന്നുവൈകീട്ട് മുടക്കുമുതൽ അടക്കം 20,000 രൂപയാണ് ലഭിച്ചത്.
രണ്ടുദിവസം ഇതേരീതിയിൽ നിക്ഷേപം നടത്തുകയും ലാഭം നേടുകയും ചെയ്തശേഷം മൂന്നാംദിവസം 20 ലക്ഷം രൂപ ഉദയ് നിക്ഷേപിച്ചു.
എന്നാൽ പണംതിരിച്ചുകിട്ടിയില്ല. ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നികുതിസംബന്ധിച്ച പ്രശ്നത്തെത്തുടർന്നാണ് പണം പിൻവലിക്കാൻ കഴിയാത്തതെന്നും 20 ലക്ഷംരൂപകൂടി അടച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും ഇവർ നിർദേശിക്കുകയായിരുന്നു.
തുടർന്ന് 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. ഇതോടെ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും തുക പൂർണമായി പിൻവലിക്കണമെങ്കിൽ ആപ്പിന്റെ പ്രീമിയം അക്കൗണ്ട് എടുക്കണമെന്നുമായിരുന്നു ഉദയ്ക്ക് ലഭിച്ച സന്ദേശം.
20 ലക്ഷം രൂപകൂടി അടയ്ക്കുന്നതോടെയേ പ്രീമിയം അംഗത്വം ലഭിക്കുകയുള്ളൂവെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതനുസരിച്ച് പലയിടങ്ങളിൽ നിന്നായി കടം വാങ്ങി 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു.
പിന്നീട് പലവട്ടം ശ്രമിച്ചിട്ടും പണം പിൻവലിക്കാനോ ആപ്പ് അധികൃതരുമായി ബന്ധപ്പെടാനോ കഴിയാതിരുന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ഉദയ്ക്ക് ബോധ്യമായത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ ആണ് നിലവിൽ നടക്കുന്നത്. ആളുകൾ ശ്രദ്ധാപൂർവം മുന്നോട്ട് പോകണമെന്ന് അധികൃതർ നിർദേശം നൽകുന്നു.