ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയിൽ (ബിബിഎംപി) അനുമതിയില്ലാതെ വാണിജ്യപരസ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ എൽഇഡി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ട് .
എന്നാൽ, ഇത്തരം ഹോർഡിംഗുകൾ നിരോധിച്ചിട്ടും പരസ്യദാതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ നഗരസഭ കണ്ണടച്ചിരിക്കുകയാണ്.
ബ്രിഗേഡ് റോഡ്, ഡിക്കൻസൺ റോഡ്, ജയനഗർ, എംജി റോഡ്, ഹെബ്ബാൾ എന്നിവയാണ് ഇത്തരം എൽഇഡി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്ഥലങ്ങൾ.
ചില പ്രദേശങ്ങളിൽ, ഈ പരസ്യ ബോർഡുകൾ സ്വകാര്യ വസ്തുവിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കോർപ്പറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വാണിജ്യപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.
2018-ൽ ബിബിഎംപി എല്ലാത്തരം വാണിജ്യ ഹോർഡിംഗുകളും നിരോധിച്ചത്.
എൽഇഡി പരസ്യ ബോർഡുകൾ നിരോധിച്ചിട്ടുണ്ടെന്നും അത്തരം ബോർഡുകൾ നീക്കം ചെയ്യാൻ സോണൽ കമ്മീഷണർമാർക്കും ജോയിന്റ് കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിബിഎംപിയുടെ റവന്യൂ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ കമ്മീഷണർ മുനിഷ് മൗദ്ഗിൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചില എൽഇഡി ബോർഡുകൾ നീക്കം ചെയ്തെങ്കിലും കോടതിയുടെ സ്റ്റേ ഉത്തരവുകൾ കാരണം ചിലത് നീക്കം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ബിബിഎംപിയുടെ കിഴക്കൻ മേഖല സോണൽ കമ്മിഷണർ സ്നേഹൽ ആർ. വ്യക്തമാക്കിയത്.