ക്രിസ്മസിന്റെ വരവ് അറിയിച്ച് നഗരത്തിലെ പാതയോര വിപണിയിൽ സജീവമായി.
ക്രിസ്മസിന് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കേ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വിപണിയുണർന്നു കഴിഞ്ഞു എന്നുതന്നെ പറയാം .
എന്തൊക്കെ സാമ്പത്തിക മാന്ദ്യമുണ്ടെങ്കിലും ഉത്സവകാലം മലയാളികള്‍ പൊലിപ്പിക്കും.
ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും ഒക്കെ അങ്ങനെ തന്നെ.
അതുപോലെതന്നെ ഇക്കൊല്ലത്തെ ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു. നക്ഷത്രങ്ങളും, കേക്കുകളും, ക്രിസ്മസ് പാപ്പാ രൂപവുമൊക്കെയായി കടകള്‍ ഒരുങ്ങിക്കഴിഞ്ഞു.
തെരുവുകളിൽ ദീപാലങ്കാരവും മാളുകളിൽ ഷോപ്പിംഗ് ഉത്സവവും ഇതിനോടകം ആരംഭിച്ചു.
ഒരുമാസം നീളുന്ന ആഘോഷങ്ങളാണ് മാളുകളിൽ സംഘടിപ്പിച്ചിരിക്കുന്നത്.
വർഷാവസാന വില്പനയുടെ ഭാഗമായി വാൻ ഓഫറുകളാണ് ബ്രാൻഡഡ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.
വിവിധ രീതികളിലുള്ള റെഡിമേഡ് പുൽക്കൂടുകളും ട്രീകളുമാണ് ക്രിസ്മസ് സ്റ്റാളുകളിൽ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ക്രിസ്മസ് ട്രീകൾ പല വലുപ്പത്തിലുള്ളവയുണ്ട്. 70 രൂപയുടെ ചെറിയ ക്രിസ്മസ് ട്രീ മുതൽ 20,000 രൂപവരെയുള്ള ട്രീകൾ കടകളിൽ കാണാം. പത്തുരൂപയുടെ ചെറിയനക്ഷത്രം മുതൽ 900 രൂപവരെയുള്ള നക്ഷത്രങ്ങൾ കടകളിൽ ലഭ്യമാണ്.
ഇപ്പോൾ നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റുപോകുന്നതെന്നും ഒരാഴ്ചയ്ക്കകം മാർക്കറ്റിൽ തിരക്കുകൂടുമെന്നും കച്ചവടക്കാർ പറഞ്ഞു.
ശിവാജിനഗർ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ, റെഡിമെയ്ഡ് പുൽക്കൂടുകൾ, അലങ്കാര ബൾബുകൾ തുടങ്ങിയവയെല്ലാം കടകളിൽ നിരന്നുകഴിഞ്ഞു.
നക്ഷത്രങ്ങളുടെയും അലങ്കാര ബൾബുകളുടെയും കച്ചവടമാണ് കൂടുതൽ. പല വലുപ്പത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങൾ ക്രിസ്മസ് വിപണിയിലെ കൗതുക കാഴ്ചകൂടിയാണ്.
ഇലക്ട്രിക് നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
ക്രിസ്മസ് പാപ്പാ തൊപ്പികൾ, മുഖംമൂടികൾ തുടങ്ങിയവയുമുണ്ട്. സെയ്ന്റ് മേരീസ് ബസിലിക്കയുടെ മുറ്റത്തും ക്രിസ്മസ് കട തുറന്നിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിനു വേണ്ട എല്ലാ ചേരുവകളും ഒന്നിച്ച് വാങ്ങാനുള്ള സൗകര്യം മാർക്കറ്റുകളിലുണ്ട്