ഡൽഹി: ഉത്തർപ്രദേശിലെ ബറേലി-നൈനിറ്റാൾ ഹൈവേയിൽ ശനിയാഴ്ച രാത്രി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു.
എസ്യുവിയായിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. റോഡിന്റെ എതിർവശത്തുള്ള ബാരിയർ കടന്ന് മറ്റൊരു ദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചപ്പോൾ വലിയ സ്ഫോടനം ഉണ്ടായി. സമീപവാസികൾ സഹായത്തിനായി വീടുകളിൽ നിന്ന് ഇറങ്ങിയോടിയെന്നും പോലീസിൽ വിവരമറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
കാറിന്റെ ഡോർ അകത്ത് നിന്ന് ലോക്ക് ആയതിനാൽ കാറിനുള്ളിൽ കുടുങ്ങിയവർ ജീവനോടെ വെന്തുമരിക്കുകയായിരുന്നു. കാറിലെ എട്ട് യാത്രക്കാരുടെയും മരണം ലോക്കൽ സ്പെഷ്യൽ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) സ്ഥിരീകരിച്ചു,
കാർ ബറേലിയിൽ നിന്ന് ബഹേരിയിലേക്ക് പോവുകയായിരുന്നു. ഇരകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.