കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും. വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്കാരം നടക്കുക. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും. പുലര്‍ച്ചെ ഒരുമണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തെത്തിച്ചത്. പുലര്‍ച്ചെ മുതല്‍ കാനത്തിന്റെ വസതിയിലേക്ക് ജനം ഒഴുകിയെത്തുകയാണ്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയാഘാതം മൂലമാണ് കാനം രാജേന്ദ്രൻ മരണപ്പെടുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിശ്ചയിച്ച 21 കേന്ദ്രങ്ങളില്‍ കാനത്തെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി .
അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു കാനം .ഇന്നലെ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സിപിഐ നേതാക്കള്‍ ചേര്‍ന്ന് പാര്‍ടി പതാക പുതപ്പിച്ചു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തുടങ്ങി ആയിരങ്ങള്‍ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തി.
ഡി രാജ വിങ്ങിപ്പൊട്ടി. ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്, കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്, കേന്ദ്രമന്ത്രി വി മുരളീധരന് തുടങ്ങിയ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്.