ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയിലെ സുലിബെലെ ഗ്രാമത്തിൽ സ്വത്ത് തർക്കത്തെ തുടർന്ന് വൃദ്ധ ദമ്പതികളെ മകൻ കൊലപ്പെടുത്തി.
70കാരനായ രാമകൃഷ്ണപ്പയും 65കാരിയായ ഭാര്യ മുനിരമക്കയുമാണ് മരിച്ചത്.
തങ്ങളുടെ പെൺമക്കൾക്കും സ്വത്ത് വീതിക്കാൻ തീരുമാനിച്ചതിനാണ് ദമ്പതികളെ മകൻ നരസിംഹ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
രാമകൃഷ്ണപ്പയ്ക്കും മുനിരമക്കയ്ക്കും നാല് പെൺമക്കളും ഒരു മകനും ഉണ്ടായിരുന്നു.
17 വർഷം മുമ്പ് മകന്റെ വിവാഹത്തെ തുടർന്ന് വീടുവിട്ടുപോയതോടെ ഇവർ സൂളിബെലെയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം.
ഞായറാഴ്ച വൈകുന്നേരമാണ് വൃദ്ധദമ്പതികൾ വെട്ടേറ്റ് മരിച്ചത്. വീട് പുറത്തുനിന്ന് പൂട്ടി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ദമ്പതികളുടെ ഒരു മകൾ ഫോണിൽ വിളിച്ചപ്പോൾ ഫോണെടുക്കാത്തതിനെ തുടർന്നാണ് കൊലപാതകം പുറത്തറിയുന്നത്.
ദമ്പതികളുടെ മകളിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നരസിംഹയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.